നല്ല ശമരിയാക്കാരന്റെ ഉപമ

1995 ഒക്ടോബർ 9ന്, ഒരു മധ്യവയസ്കനായ ഫുട്ബോൾ പരിശീലകൻ ,തന്റെ ടീമിലെ പല പ്രമുഖ താരങ്ങളെയും ഇംഗ്ലണ്ടിലെ വടക്കു കിഴക്കൻ മേഖലയിൽ ഉള്ള ഡർഹാമിലേക്ക് ഒരു പ്രദർശന മത്സരത്തിന് അയക്കുകയാണ്. പ്രദേശത്തെ തന്നെ ക്ലബായ ബിഷപ് ഒക്‌ലൻഡ് ആണ് എതിരാളികൾ.മുൻ മത്സരത്തിൽ ഒരു എതിർ കളിക്കാരന് സാരമായ പരിക്ക് പറ്റുവാൻ ഇടയാക്കിയതിനെ തുടർന്ന് കോടതി അവരോടു, 1 മാസത്തിനകം മുപ്പതിനായിരം പൗണ്ട് കെട്ടിവെക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതാപ കാലത്ത് ബോബ് പെയ്സ്‌ലിയെ പോലുള്ള പ്രമുഖ താരങ്ങൾ കളിച്ചിട്ടുള്ള ബിഷപ്‌സിന്റെ ഇന്നത്തെ അവസ്ഥ തികച്ചും പരിതാപകരമാണ്.അവരുടെ അന്നത്തെ മാനേജർ ടോണി ഡഫ് ഇങ്ങനെ പറഞ്ഞു.

“28 ദിവസത്തിൽ മുപ്പതിനായിരം പൗണ്ട്, ഞങ്ങളെകൊണ്ട് സങ്കല്പിക്കാവുന്നതിലും വലിയ ഒരു തുകയാണത്. എന്നാൽ അദ്ദേഹം ഒരു പ്രദർശന മത്സരം കളിക്കാൻ സന്നദ്ധനായെന്നു മാത്രമല്ല മാന്യമായ തുക എഴുതിയ ഒരു ചെക്കും കൊടുത്തു വിട്ടു. തൊട്ടടുത്ത ദിവസം അവർക്ക് FA കപ്പ് ക്വാർട്ടർ ഫൈനൽ കളിക്കേണ്ടതായുണ്ട്. എന്നിട്ടും അദ്ദേഹം പല ഫസ്റ്റ് ടീം കളിക്കാരെയും അയച്ചത് എന്നെ അതിശയിപ്പിക്കുന്നു. ബിഷപ്പ് ഓക്‌ലാൻഡ് നിങ്ങളോടു എന്നും കടപ്പെട്ടിരിക്കും.”

ബ്രയാൻ മക്ലയറും, പോൾ ഷോൾസും, നിക്കി ബട്ടും അടങ്ങിയ താരങ്ങളാണ് ഡർഹാമിൽ അന്ന് യുണൈറ്റഡിന്റെ പ്രത്യേക ടീമിന് വേണ്ടി കളിച്ചത്. അവരെ അയച്ചത് ആരാണെന്നു പ്രത്യേകം എടുത്ത് പറയേണ്ടതില്ലലോ..

“2007ൽ യുണൈറ്റഡ് പ്രകാശം കൂടിയ തരം ഫ്ലഡ് ലൈറ്റുകൾ വാങ്ങിയപ്പോൾ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഫ്ലഡ് ലൈറ്റുകൾ ഞങ്ങൾക്ക് തന്നു വിട്ടു. ഞങ്ങളുടെ ചെറിയ സ്റ്റേഡിയത്തിനു അത്രയും ഭീമമായ ലൈറ്റുകൾ അന്ന് ഉപകാരപെട്ടില്ലെങ്കിലും പിന്നീട് സെയിന്റ് ഹെലെനിലേക്ക് മാറിയപ്പോൾ ഞങ്ങൾ അവ സ്റ്റേഡിയത്തിൽ ഘടിപ്പിച്ചു. 2 വാനുകൾ വിളിച്ചാണ് ലൈറ്റ് കൊണ്ട് പോകാൻ ഞങ്ങളുടെ ജോലിക്കാർ ചെന്നത്. സർ അലക്സ് നേരിട്ട് സ്റ്റേഡിയത്തിനു പുറത്തേക്കു വന്നു, ഞങ്ങളുടെ ജോലിക്കാരെ അഭിവാദ്യം ചെയ്യാൻ.. “

ഡഫ് മറ്റൊരു വേളയിൽ പറഞ്ഞു…

അലക്സ് ഫെർഗുസൺ ഇത്രയേറെ അകമഴിഞ്ഞ് സഹായിക്കാൻ മാത്രം എന്താണീ ബിഷപ്പ് ഓക്ക്ലാൻഡിന്റെ സവിശേഷത ?

19 തവണ അമച്വർ കിരീടം നേടിയ, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ നിരവധി കഴിവുറ്റ താരങ്ങൾക്ക് ജന്മം നൽകിയ ക്ലബ് ആണവർ. യുണൈറ്റഡിന്റെ വീര പുരുഷൻ സർ മാറ്റ് ബസ്‌ബി, ബ്രിട്ടീഷ് മാനേജർ ആയിരുന്ന കാലത് ഓക്‌ലൻഡിന്റെ ബോബ് ഹഡ്‌സ്റ്റിയെ പരിശീലിപ്പിച്ചിട്ടുണ്ട്. 1958 ൽ ഒരു വിമാനവും ഒപ്പം ഒരായിരം സ്വപ്നങ്ങളും ചാമ്പലായപ്പോൾ, ആശുപത്രി കിടക്കയിൽ കിടന്നു ബസ്‌ബി, തന്റെ അസിസ്റ്റന്റ് മർഫിയോടു പറഞ്ഞു ” എനിക്ക് ഹഡ്‌സ്റ്റിയെ വേണം ” മർഫി അതിൻപ്രകാരം ഓക്‌ലൻഡിനു കത്തെഴുതി. അടുത്ത മത്സരത്തിന് ദിവസങ്ങൾ മുന്നേ ബിഷപ്‌സിന്റെ പരിശീലകർ, ഹഡ്‌സ്റ്റിയോടും ഒപ്പം ഒരു പിടി താരങ്ങളോടും കൂടെ യുണൈറ്റഡ് മൈതാനത്തു എത്തി. അവരിൽ ഹഡ്‌സ്റ്റിയെ കൂടാതെ ഡെറിക് ലൂവിനെയും, വാറൻ ബ്രാഡ്ലിയെയും (പിന്നീട് യുണൈറ്റഡിന് വേണ്ടി 63 മത്സരങ്ങളിൽ 20 ഗോളുകൾ നേടി ) മർഫിക്ക് നൽകിയിട്ടാണ് അവർ മടങ്ങിയത്…

ഒരു കൃഷ്ണ-കുചേല ബന്ധത്തിലുപരി, വീണിടത്തു വന്നു ഒരു കൈ നൽകി സഹായിച്ചവരോടുള്ള കടപ്പാട് ; 50 വർഷങ്ങൾക്കിപ്പുറം, ബസ്ബിയിൽ നിന്ന് അലെക്സിലേക്കും, കടങ്ങളിൽ നിന്ന് സമ്പന്നതയിലേക്കും, കിരീടങ്ങളുടെ അത്യുന്നതിയിലേക്കും എത്തിയിട്ടും, നടന്ന വഴികളും, കനിഞ്ഞ മുഖങ്ങളെയും ഒരിക്കലും മറക്കാതിരുന്നു എന്നതാണ്, യുണൈറ്റഡിനെ ക്ലബിനെക്കാൾ ഉപരിയായ മറ്റെന്തോ ആയി കാണാൻ നമ്മെ പ്രാപ്തമാക്കുന്നത്.

“ആയതിനാൽ അവൻ അവരോടു ചോദിച്ചു ഇവരിൽ ആരാണ് നിന്റെ അയൽക്കാരൻ ?”

“അവർ മറുപടി പറഞ്ഞു ആപത്തിൽ സഹായിച്ച ആ നല്ല ശമരിയാക്കാരൻ… “

എഴുത്ത് : Deepak Gervasis

Published by

Leave a Reply

Your email address will not be published. Required fields are marked *